ചരിത്രത്തിലൂടെ

ശതാബ്ദിയുടെ നിറവില്‍...

സാമൂഹ്യതിന്മകള്‍ക്കും ചൂഷണങ്ങള്‍ക്കും എതിരായ പടച്ചട്ടയായാണ് ഇന്ത്യയില്‍ സഹകരണ പ്രസ്ഥാനം രൂപം കൊണ്ടത്. ലാഭേച്ഛയോടെ മാത്രം പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പൊതുമേഖലക്കും ഇടയില്‍ ദുര്‍ബല വിഭാഗങ്ങളും പൊതുജനങ്ങളും നേരിട്ട് വികസനത്തില്‍ പങ്കാളിയാകുന്നതും ജനാധിപത്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ സഹകരണ പ്രസ്ഥാനങ്ങളുടെ വലിയൊരു ശൃംഖലയാണ് സ്വതന്ത്ര ഇന്ത്യയില്‍ വികസിച്ചു വന്നത്.

ഇന്ത്യയില്‍ സഹകരണ പ്രസ്ഥാനം ആരംഭിച്ച ആദ്യ ദശകത്തില്‍ തന്നെ പ്രവര്‍ത്തനം തുടങ്ങിയ കാലിക്കറ്റ് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ഇന്ന്്് ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ അര്‍ബ്ബന്‍ ബാങ്കാണ്. സുശക്തവും സുരക്ഷിതവുമായ അടിത്തറയില്‍ നില്‍ക്കുന്ന ഈ ബാങ്ക് ശതാബ്ദിയുടെ നിറവിലാണ്.

സാമൂഹ്യസാമ്പത്തിക വികസനത്തില്‍ സഹകരണത്തിനുള്ള സ്ഥാനം തിരിച്ചറിഞ്ഞ കുറച്ചുപേരുടെ പ്രയത്‌നത്തിലാണ് ഒരു സഹകരണ ബാങ്കിംഗ് സ്ഥാപനം കോഴിക്കോട് നഗരത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. കെ ആര്‍ രാമസ്വാമി അയ്യര്‍, ഡി ഗണപതി റാവു, യു ബി ശ്രീനിവാസറാവു, വി കൃഷ്ണമേനോന്‍, കെ സി മാനവിക്രമന്‍ രാജ, എ വി ഗോവിന്ദമേനോന്‍, ബി എസ് ത്രിപുരാന്തകമുതലിയാര്‍, ഡോ കെ വി ചോയി, സി കൃഷ്ണമേനോന്‍, സി എം രാരിച്ചന്‍ മൂപ്പന്‍, റാവുബഹുദൂര്‍ ഒ കൃഷ്ണന്‍, സി എം കുഞ്ഞിരാമമേനോന്‍, നാരകശ്ശേരി കൃഷ്ണന്‍ തുടങ്ങിയവരായിരുന്നു അമരക്കാര്‍. 1915 ജൂണ്‍ ആറിന് നമ്മുടെ ബാങ്ക് കോര്‍ട്ട് റോഡിലുള്ള വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

തുടക്കത്തില്‍ 147 അംഗങ്ങളും അവരില്‍ നിന്നു പിരിഞ്ഞുകിട്ടിയ 1075 രൂപയുമായിരുന്നു മൂലധനം. കെ ആര്‍ രാമസ്വാമി അയ്യരായിരുന്നു ആദ്യ പ്രസിഡണ്ട്. 1916 മുതല്‍ 1930 വരെ ഡി ഗണപതിറാവു ആയിരുന്നു പ്രസിഡണ്ട്. 1930 ആകുമ്പോഴേക്കും 768 അംഗങ്ങളും 15591 രൂപ ഓഹരിമൂലധനവും 82549 രൂപ നിക്ഷേപവുമായി 98140 രൂപ പ്രവര്‍ത്തനമൂലധനത്തില്‍ എത്തി. അറ്റാദായം 1528 രൂപ. എന്നാല്‍ ഈ അവസ്ഥ അധികകാലം നിലനിന്നില്ല. 1930 ന് ശേഷം ബാങ്ക് പ്രവര്‍ത്തനത്തില്‍ മാന്ദ്യം സംഭവിക്കുകയും 55000 രൂപ നഷ്ടമുണ്ടാവുകയും ചെയ്തു.

ഈ നഷ്ടം നികത്തുന്നതിന് സര്‍ക്കാര്‍ ഒരു സ്‌കീം നടപ്പില്‍ വരുത്തുകയും ധനസഹായമായി 30000 രൂപ അനുവദിക്കുകയും ചെയ്തു. പത്തുവര്‍ഷമായിരുന്നു സ്‌കീമിന്റെ കാലാവധിയെങ്കിലും തുടര്‍ന്ന് 5 കൊല്ലത്തേക്കുകൂടി നീട്ടുകയും 5000 രൂപ കൂടി ധനസഹായം ലഭിക്കുകയും ചെയ്തു. ഈ കാലയളവില്‍ ബാങ്ക് പടിപടിയായി വികസനത്തിലേക്ക് കടന്നു വന്നു. 1948 ആവുമ്പോഴേക്കും 5668 അംഗങ്ങളും 106918 രൂപ ഓഹരിമൂലധനവും 381015 രൂപ നിക്ഷേപവുമുണ്ടായി. പ്രവര്‍ത്തനമൂലധനം 870878 രൂപയും അറ്റാദായം 6545 രൂപയുമായിരുന്നു. ഇക്കാലത്തെ പ്രസിഡണ്ടുമാര്‍ എഫ് ജെ ഡി റൊസാരിയോയും അമ്പലക്കാട്ട് കരുണാകരമേനോനും ജോസഫ് എന്‍ കുമാറുമായിരുന്നു.

1950 നുശേഷം ബാങ്ക് പുരോഗതിയിലൂടെ മുന്നോട്ടുപോകാന്‍ തുടങ്ങി. 1956 ലാണ് ബാങ്കിന് സ്വന്തമായി സ്ഥലവും കെട്ടിടവും വാങ്ങുന്നത്. കോഴിക്കോടിന്റെ ഹൃദയഭാഗത്ത് ഇത്രയും സൗകര്യത്തോടുകൂടിയ സ്ഥലം വേറൊരു ബാങ്കിനും അവകാശപ്പെടാനില്ല. മനോഹരമായ കെട്ടിടവും മുറ്റവും പച്ചപിടിച്ച കുറേ സ്ഥലവും ഇന്നു നമ്മുടെ ബാങ്കിനുണ്ട്. ദീര്‍ഘവീക്ഷണത്തോടെ ഈ കെട്ടിടവും സ്ഥലവും വാങ്ങിയ ഭരണസമിതിയേയും , അതിന് പ്രയത്‌നിച്ച ഡോ വി കെ നായരേയും കൃതജ്ഞതയോടെ ഓര്‍ക്കുന്നു.

1966 ല്‍ ബാങ്ക് ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായി ഉയര്‍ന്നു. 1969 ല്‍ നടക്കാവ് ശാഖ ആരംഭിക്കുകയും ചെയ്തു. ഡെപ്പോസിറ്റ് ഇന്‍ഷുറന്‍,് സ്‌കീം നടപ്പിലാക്കിയതും മറ്റുവാണിജ്യബാങ്കുകളേക്കാള്‍ അധികം നിക്ഷേപങ്ങള്‍ക്ക് പലിശനല്‍കാനായതും നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കഴിയുന്നതായിരുന്നു.

1965 ല്‍ ബാങ്കിന്റെ സുവര്‍ണ്ണ ജൂബിലിയും 1975 ല്‍ വജ്രജൂബിലിയും 1990 ല്‍ പ്ലാറ്റിനം ജൂബിലിയും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

1982 ല്‍ ബാങ്ക് കോഴിക്കോട് ക്ലിയറിംഗ് ഹൗസില്‍ അംഗമായി. 1986 ലാണ് നമുക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലൈസന്‍സ് ലഭിച്ചതും പ്രധാന നേട്ടമാണ്.

1915 ല്‍ പ്രവര്‍ത്തനമാരംഭിച്ച നമ്മുടെ ബാങ്ക് കേരളത്തിലെ അറിയപ്പെടുന്ന സ്ഥാപനമായി ഉയര്‍ന്നിരിരുന്നു എങ്കിലും ഷെഡ്യൂള്‍ഡ് അര്‍ബന്‍ ബാങ്കായി മാറുന്നതിനുള്ള ഏക തടസ്സം വര്‍ദ്ധിച്ച ചജഅ ആയിരുന്നു. 1990 ല്‍ 21.03 % മായിരുന്നു ബാങ്കിന്റെ ചജഅ ശതമാനം. 1990 ല്‍ പ്രവര്‍ത്തനമൂലധനം 927.60 ലക്ഷമായിരുന്നത് 2000 ല്‍ 5212.57 ലക്ഷം രൂപയായി വര്‍ദ്ധിച്ചു. ഈ സമയത്ത് NPA 25% ആയിരുന്നു.

2003 ല്‍ പ്രവര്‍ത്തനമൂലധനം 11601 ലക്ഷം രൂപയായി വര്‍ദ്ധിച്ചുവെങ്കിലും NPA വര്‍ദ്ധിച്ചു വരികയായിരുന്നു.

2003 മെയില്‍ പി അബ്ദുള്‍ നാസര്‍ ജനറല്‍ മാനേജറായി ചുമതലയേല്‍ക്കുകയും NPA കുറച്ചുകൊണ്ടുവരുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കുകയും ചെയ്തതിന്റെ ഫലമായി 2005 ല്‍ NET NPA പൂജ്യത്തിലെത്തിച്ചു. കഴിഞ്ഞ പത്തുവര്‍ഷമായി ബാങ്കിന്റെ NET NPA പൂജ്യമായി തുടരുന്നു.

2004 വരെ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനദണ്ഡമനുസരിച്ച് ഗ്രേഡ് 3 ആയിരുന്ന ബാങ്ക് 2005 ല്‍ ഗ്രേഡ് 2 ആവുകയും തൊട്ടടുത്തവര്‍ഷം മുതല്‍ ഗ്രേഡ് 1 അര്‍ബന്‍ ബാങ്കായി മാറുകയും ചെയ്തു.

1998 ല്‍ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ വത്ക്കരിക്കാന്‍ സാധിച്ചു. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ച കര്‍ശന മാനദണ്ഡങ്ങള്‍ നമ്മള്‍ കൃത്യമായി നിര്‍വ്വഹിച്ചു പോരുന്നു. ഉയര്‍ന്ന ലാഭം, കുറഞ്ഞ NPA, വായ്പ-നിക്ഷേപങ്ങളിലെ വര്‍ദ്ധനവ് എന്നിങ്ങനെ മികച്ച പ്രവര്‍ത്തഫലങ്ങള്‍ക്കൊപ്പം KYC മാനദണ്ഡങ്ങളും പാലിച്ചു വരുന്നു.

ഒരു നൂറ്റാണ്ടിന്റെ സേവനത്തിലേക്കെത്തുന്ന ബാങ്ക് ഇന്ന് കേരളത്തിലെ മികച്ച അര്‍ബന്‍ ബാങ്കുകളിലൊന്നാണ്. ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലാഭവും വ്യാപരപ്രവര്‍ത്തങ്ങളും കൈവരിക്കാന്‍ സാധിച്ചുവെന്നത് വലിയ നേട്ടമാണ്.

1985 ലാണ് ബാങ്കിന്റെ മാങ്കാവ്, മീഞ്ചന്ത ശാഖകള്‍ പ്രവര്‍ത്തനം തുടങ്ങിയത്.

2009-10 സാമ്പത്തിക വര്‍ഷത്തില്‍ പാവങ്ങാട്, ബേപ്പൂര്‍, മെഡിക്കല്‍ കോളേജ് ശാഖകള്‍ പ്രവര്‍ത്തനമാരംഭിച്ചു.

തൊട്ടടുത്ത സാമ്പത്തികവര്‍ഷം പന്തീരങ്കാവ്, പരപ്പില്‍ , മലാപ്പറമ്പ് എന്നിവിടങ്ങളില്‍ ശാഖകളാരംഭിച്ചു. 2012-13 വര്‍ഷത്തില്‍ പൂവാട്ട് പറമ്പ്, ചേളന്നൂര്‍ശാഖകള്‍ പ്രവര്‍ത്തനമാരംഭിച്ചു.

് കോര്‍-ബാങ്കിംഗ് കുറ്റമറ്റരീതിയില്‍ നടപ്പിലാക്കിക്കൊണ്ട് ആധുനികബാങ്കിംഗ് മേഖലയിലേക്ക് 2012 ല്‍ ബാങ്ക് പ്രവേശിച്ചു.

2013 മുതല്‍ ക്ലിയറിംഗ് സംവിധാനം RBI നിയന്ത്രണത്തിലുള്ള ചെക്ക് ട്രങ്കേഷന്‍ സിസ്‌ററത്തിലേക്ക് മാറി.

2013 ല്‍ അംഗങ്ങള്‍ക്ക് 13% വരെ ലാഭവിഹിതം കൊടുക്കാന്‍ സാധിച്ചിട്ടുണ്ട്. 2014 മാര്‍ച്ചില്‍ 75044 അംഗങ്ങളും 945.48 ലക്ഷം ഓഹരിസംഖ്യയും 3704.68 ലക്ഷം റിസര്‍വ്വുകളും 33443.98 ലക്ഷം നിക്ഷേപങ്ങളും 40312.08 ലക്ഷം പ്രവര്‍ത്തന മൂലധനവുമുണ്ട്. ലാഭം 194.39 ലക്ഷവുമാണ്.

2009 ആഗസ്തില്‍ അധികാരത്തില്‍ വന്ന ശ്രീ എ ടി അബ്ദുളളക്കോയ പ്രസിഡണ്ടായ ഭരണസമിതി നിസ്വാര്‍ത്ഥമായ സേവനത്തിലൂടെ ബാങ്കിനെ പുരോഗതിയിലേക്ക് നയിക്കുന്നതില്‍ മുതല്‍ക്കൂട്ടായി നിന്നത് പ്രശംസനീയമാണ്. 2014 ജൂലൈയില്‍ ശ്രീ എ ടി അബ്ദുളളക്കോയ വീണ്ടും പ്രസിഡണ്ടായ ഭരണസമിതി അധികാരമേറ്റെടുത്തു. 2014 ജനുവരിയില്‍ പുതിയ ജനറല്‍ മാനേജരായി ശ്രീ പി രാഗേഷ് സ്ഥാനമേറ്റു. ബാങ്ക് ശതാബ്ദി കാലയളവില്‍ ബാങ്കിനെ സമഗ്ര വികസനത്തിലേക്കും പുതിയ പ്രതീക്ഷകളിലേക്കും കൊണ്ടുപോകുകയുമാണ് ലക്ഷ്യം..

RBI നിഷ്‌ക്കര്‍ഷിച്ച കര്‍ശന വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് പൊതുനന്മ ഫണ്ടില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ക്യാന്‍സര്‍ വാര്‍ഡ് നവീകരിക്കുന്നതിന് 2 ലക്ഷം രൂപ നല്‍കുകയും മാതൃ-ശിശു സംരക്ഷണ വാര്‍ഡിലേക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിന് 92998 രൂപ നല്‍കുകയും എലത്തൂര്‍ സഹകരണ ആശുപത്രിക്കായി ECG ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 29984 രൂപയും നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജിലെ സ്‌കാനിംഗ് സെന്ററില്‍ ആവശ്യമായ കസേരകള്‍ നല്‍കാനായി. നഗരത്തിലെ വിവിധ ഹൈസ്‌കൂളിലേക്ക് ആവശ്യമായ കമ്പ്യൂട്ടറുകള്‍ എന്നിവ സംഭാവന ചെയ്യാനും ബാങ്കിനു കഴിഞ്ഞു.

ബാങ്ക് ജീവനക്കാര്‍ക്കായി ലൈബ്രറിയും ബാഡ്മിന്റ്ണ്‍ കോര്‍ട്ടുമുണ്ട്.

മരണപ്പെട്ട അംഗങ്ങളുടെ വായ്പ പലിശരഹിത വായ്പയാക്കി മാറ്റുന്ന പദ്ധതിയും ഗുരുതരമായി രോഗങ്ങള്‍ ബാധിച്ച അംഗങ്ങള്‍ക്ക് അവരുടെ ചികിതസാര്‍ത്ഥം പലിശ രഹിത വായ്പാപദ്ധതിയും തുടര്‍ന്നു വരുന്നു. സഹകരണ വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം തുടങ്ങിയ മംഗല്യസൂത്ര വായ്പകള്‍ പരാമാവധി നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. പത്താംക്ലാസ്സ് പരീക്ഷയില്‍ ഉന്നതവിജയം കൈവരിച്ച അംഗങ്ങളുടേയും ജീവനക്കാരുടേയും കുട്ടികള്‍ക്ക് വര്‍ഷംതോറും അവാര്‍ഡുകള്‍ നല്‍കി വരുന്നു. ഇക്കൊല്ലം മുതല്‍ പ്ലസ്ടുവിനും അവാര്‍ഡ് നല്‍കിത്തുടങ്ങി.

മികച്ച നേട്ടങ്ങള്‍ക്കു പിന്നില്‍ അംഗങ്ങളുടേയും നിക്ഷേപകരുടേയും ഇടപാടുകാരുടേയും നിര്‍ലോഭമായ സഹകരണവും ഭരണസമിതിയുടേയും ജീവനക്കാരുടേയും ആത്മാര്‍ത്ഥമായ പരിശ്രമങ്ങളും ഉണ്ടായിട്ടുണ്ട്.

നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ പലിശനിരക്കും വായ്പക്കാര്‍ക്ക് മിതമായ പലിശ നിരക്കും എന്നതാണ് ബാങ്കിന്റെ മുഖമുദ്ര. തുടര്‍ച്ചയായി ലാഭം ആര്‍ജ്ജിക്കാന്‍ കഴിഞ്ഞ ബാങ്കിന് കിട്ടാവുന്നത്ര ലാഭം കൈവരിക്കുക എന്ന നയമില്ല . സഹകരണമുദ്രാവാക്യം തന്നെ 'സേവനമാണ് ലക്ഷ്യം, ലാഭമല്ല' എന്നതാണ്. ബാങ്കിന്റെ നിലനില്പ്പിനും വളര്‍ച്ചക്കും, നിക്ഷേപകരുടെ സുരക്ഷിതത്വത്തിന്നാവശ്യമായ കരുതല്‍ ധനത്തിനും, അംഗങ്ങള്‍ക്ക്്് നല്‍കാനുള്ള ന്യായമായ ലാഭവിഹിതത്തിനും മറ്റ് നിയമാനുസൃത കരുതലുകള്‍ക്കുളളതുമാണ്്. പിന്നെയും ലാഭസാധ്യത കാണുകയാണെങ്കില്‍, നിക്ഷേപകരുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുകയും വായ്പക്കാരുടെ പലിശ നിരക്ക് കുറക്കുകയും ചെയ്യുക എന്ന സമീപനമാണ് ബാങ്കിനുളളത്.

പുത്തന്‍ തലമുറ ബാങ്കുകള്‍ കണ്ണഞ്ചിപ്പിക്കുന്ന തരത്തില്‍ ഇടപാടുകാരെ ആകര്‍ഷിക്കാന്‍ മായാ വര്‍ണ്ണങ്ങളും സുന്ദര വാഗ്ദാനങ്ങളും നല്‍കി ബാങ്കിംഗ് നടത്തുമ്പോള്‍, അതോടൊപ്പം കൊമേഷ്യല്‍ ബാങ്കുകളും അവരുടെ രൂപഭാവം മാറ്റുമ്പോള്‍ സഹകരണ ബാങ്കുകള്‍ക്ക് അതിനെ അതിജീവിക്കാന്‍ പാരമ്പര്യ സമ്പ്രദായങ്ങള്‍ പോരെന്ന് നമ്മളും തിരിച്ചറിയുന്നു.

ഇന്ന് ആഗോള ഭൂപടത്തില്‍ സഹകരണ മേഖലയുടെ സ്ഥാനം അദ്വിതീയമാണ്. മാനവികതയുടെ പര്യായമായി ലോകമെമ്പാടും നിലകൊള്ളുന്ന സംഘടിത രൂപമായി സഹകരണപ്രസ്ഥാനം വളര്‍ന്നിരിക്കുന്നു. കാലിക്കറ്റ് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിലൂടെ അതില്‍ കണ്ണിയാകാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.

Inside Us
ബാങ്കിനെ കുറിച്ച്

സന്ദർശകർ :